Showing posts with label karimeen. Show all posts
Showing posts with label karimeen. Show all posts

Friday, August 18, 2017

കരിമീന്‍ കിഴിക്കെട്ട്


കരിമീന്‍ നന്നായി വെട്ടി കഴുകി എടുക്കുക.
ഒരു വലിയ കഷണം ഇഞ്ചി, നാല് പച്ചമുളക്, അഞ്ചോ ആറോ വെളുത്തുള്ളി രണ്ടു സ്പൂണ്‍ മുളക് പൊടി , പുതിന ഇല ഉണ്ടേല്‍ രണ്ടെണ്ണം കൂടി ഇട്ടോ, ഇത്തിരി മഞ്ഞള്‍ പൊടി, ഒരല്‍പം ഉലുവാ പൊടി ആവശ്യത്തിന് ഉപ്പ് എന്നിവ ഇട്ട് മിക്സിയില്‍ വെള്ളം ചേര്‍ക്കാതെ ( വെള്ളം ഒരല്‍പം ചേര്‍ത്താലും വേണ്ടില്ല... ) അരച്ച് എടുക്കുക . ഇനി ഫ്രൈ പാന്‍ വെച്ചിട്ട് അല്‍പ്പം വെളിച്ചെണ്ണ ഒഴിച്ച് കടുക് വറക്കുക 10 അല്ലി കുഞ്ഞുള്ളി വട്ടത്തിലോ നീളത്തിലോ അരിയണം ഒപ്പം , രണ്ടു കീറ് പച്ചമുളകും കൂടി ഇട്ടോളൂ . കടുക് പൊട്ടിയാല്‍ ഉള്ളിയും പച്ചമുളകും ഒപ്പം കറി വേപ്പിലയും ഇട്ടു വഴറ്റുക , അര മുറി തിരുമി മിക്സിയില്‍ ഇട്ട് അരച്ച് പിഴിഞ്ഞ് ഒന്നാം പാല്‍ എടുത്ത് മാറ്റി വെയ്ക്കുക .പച്ചമുളകും ഉള്ളിയും വഴറ്റി കഴിഞ്ഞാല്‍ ഒരു തക്കാളി കൂടി അരിഞ്ഞു അതിലേക്കിടാം .. ഇനി ണ്ടു കുടം പുളി വെള്ളത്തില്‍ ഇട്ട് കുതിര്‍ത്ത് ഇട്ടോളൂ .. ഇനി നമുക്ക് അരച്ച് വെച്ച മസാല ഇട്ട് ചെറിയ തീയില്‍ കുറുക്കി എടുക്കാം ഉപ്പും പുളിയും ആവശ്യത്തിന് ഉണ്ടോ എന്ന്... നോക്കണേ. ഇനി തേങ്ങാപാല്‍ ഒഴിക്കണം... വെള്ളം ഒട്ടും കൂടാതെ നോക്കണേ..
മീന്‍ മുഴുവനെ എടുത്ത് ഒരിത്തിരി മുളക് പൊടി, മഞ്ഞള്‍ പൊടി, ഇത്തിരി ഉപ്പ് എന്നിവ പുരട്ടി എണ്ണയില്‍ ഒന്ന് ചെറുതായി പൊരിച്ചെടുക്കണം
ഇനിയാണ് കളി..!! പൊരിച്ചെടുത്ത മീന്‍ ഓരോന്നായി എടുത്ത് ഉടയാതെ ഗ്രേവി സ്പൂണ്‍ കൊണ്ട് കോരി കോരി അതിന്റെ മുകളില്‍ ഒഴിക്കണം.. എന്നിട്ട് ചെറിയ തീയില്‍ അടച്ചു വെയ്ക്... ഗ്രേവി കട്ടിയായി ഒലിച്ച് പോവില്ല എന്നുറപ്പായാല്‍ വാഴയില എടുത്തു അതില്‍ അല്‍പ്പം വെളിച്ചെണ്ണ തൂവണം എന്നിട്ട് ഗ്യാസിന്റെ മുകളില്‍ വെച്ച് ഒന്ന് വാട്ടി എടുക്കണം.. ഒരു വാഴയില പച്ചക്ക് എടുത്തു മാറ്റി വെയ്ക്കണം.. എന്നിട്ട് വാട്ടിയ ഇലയില്‍ ഓരോ മീന്‍ കോരി ഇടണം... എന്നിട്ട് ഗ്രേവി കൂടി നല്ലത് പോലെ രണ്ടു ഭാഗത്തും വെച്ച് ഇല ചോറ് പൊതിയും പോലെ പൊതിയണം. വാഴ നാരുണ്ടേല്‍ കെട്ടിക്കോ... എന്നിട്ട് പച്ച വാഴയില എടുത്തു അതിനു മുകളില്‍ കൂടി ഒന്ന് കൂടി മടക്കി കെട്ടിക്കോ.. ഇനിയിപ്പോ രണ്ടാമത് വാഴയില ഇല്ല എങ്കില്‍ ഫോയില്‍ പേപ്പര്‍ വെച്ച് പോതിഞ്ഞാലും മതി.. പക്ഷെ ആദ്യം വാഴയില തന്നെ വേണം... എന്നിട്ട് തീക്കനല്‍ കത്തിച്ച് തീ അണച്ച് അതിനു മുകളില്‍ വെയ്ക്ക് വേവുന്ന മണം വരുന്നത് അനുസരിച്ച് തിരിച്ചും മറിച്ചും ഇട്.. എന്നിട്ട് വെന്തു കഴിഞ്ഞാല്‍ എടുത്തു കെട്ടഴിച്ച് ഒന്ന് മണത്ത് നോക്കിക്കേ... കിടു ആയിരിക്കും ഇനിയിപ്പോ തീക്കനല്‍ ഇല്ലെങ്കില്‍ പൊള്ളിച്ച് എടുക്കാന്‍ പറ്റിയ എന്തേലും രീതി നോക്കിയാ മതി.. ഇതിനൊപ്പം പച്ച കശുവണ്ടി അരച്ച് ചേര്‍ത്താല്‍ ഒരിത്തിരി കൊഴുപ്പ് കൂടി നല്ല ഗ്രേവി കിട്ടും.... ട്രൈ ചെയ്തിട്ട് വിവരം പറയൂ.

Saturday, August 12, 2017

കരിമീന്‍ മപ്പാസ്‌


ആവശ്യമുള്ള സാധനങ്ങള്‍:
കരിമീന്‍ - 1/2 കിലോ
വെളിച്ചെണ്ണ - 2 സ്പൂണ്‍
കടുക് - 1/2 ടീസ്പൂണ്‍
ഉലുവ - രണ്ട് നുള്ള്
സവാള - കാല്‍ കപ്പ്
പച്ചമുളക് - രണ്ട്
ഇഞ്ചി - ഒരു ടീസ്പൂണ്‍
വെളുത്തുള്ളിയല്ലി - പതിനഞ്ച്
മല്ലിപ്പൊടി - 1സ്പൂണ്‍
മുളകുപൊടി - ഒരു ടീസ്പൂണ്‍
മഞ്ഞള്‍ പൊടി- അര ടീസ്പൂണ്‍
വെള്ളം- ഒരു കപ്പ്
കൊടമ്പുളി നാലു കഷ്ണം
കറിവേപ്പില - ഒരു കതിര്‍പ്പ്
പൊടിയുപ്പ്- പാകത്തിന്
പശുവിന്‍ പാല്‍ - അര കപ്പ്
മൈദ - ഒരു ടീസ്പൂണ്‍

പാകം ചെയ്യുന്ന വിധം:
മല്ലിപ്പൊടി, മുളകുപൊടി, മഞ്ഞള്‍ പൊടി എന്നിവ കുതിര്‍ത്തു വയ്ക്കുക. മൈദ പാലില്‍ കലക്കി വയ്ക്കുക. വെളിച്ചെണ്ണ ചൂടാകുമ്പോള്‍ കടുകും ഉലുവായും ഇട്ട് പൊട്ടിയ ശേഷം പച്ചമസാലകള്‍ വഴറ്റുക. ഇതില്‍ കുതിര്‍ത്തു വച്ചിരിക്കുന്ന പൊടികള്‍ ചേര്‍ത്ത് ചെറുതീയില്‍ വഴറ്റണം. ഒരു കപ്പു വെള്ളവും കൊടമ്പുളിയും ചേര്‍ത്ത് തിളയ്ക്കുമ്പോള്‍ മീനും കറിവേപ്പിലയും ചേര്‍ത്ത് ഒന്ന് തിളച്ചാലുടന്‍ പാകത്തിന് ഉപ്പ് ചേര്‍ക്കുക.മീനിന്റെ ചാറ് മുക്കാലും വറ്റുമ്പോള്‍ തീ കുറച്ച് മൈദ പാലില്‍ കലക്കിയത് കറിയില്‍ ഒഴിച്ച് പാത്രം ചുറ്റിച്ച് വയ്ക്കുക. ചാറ് ഇടത്തരം അയവില്‍ ആകുമ്പോള്‍ വാങ്ങി ചൂടോടെ ഉപയോഗിക്കാവുന്നതാണ്.

Monday, November 7, 2016

കരിമീന്‍ മോളി (മപ്പാസ്‌)


ചേരുവകള്‍

കരിമീന്‍ അഞ്ചെണ്ണം
തേങ്ങാപാല്‍ രണ്ടു തേങ്ങയുടെ
പച്ചമുളക് 100 ഗ്രാം
ഇഞ്ചി രണ്ടു കഷണം
വെളുത്തുള്ളി രണ്ടു തുടം
സവാള അഞ്ചെണ്ണം
തക്കാളി ആറെണ്ണം
മഞ്ഞള്‍പ്പൊടി ആവശ്യത്തിന്
കറിവേപ്പില ആവശ്യത്തിന്
വെളിച്ചെണ്ണ ആവശ്യത്തിന്
അണ്ടിപ്പരിപ്പ് 200 ഗ്രാം
ഉപ്പ് ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

സവാള നേരിയതായി മുറിച്ച് എണ്ണയില്‍ വഴറ്റുക. അതിലേക്ക് പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി എന്നിവ ചതച്ചതും ചേര്‍ക്കുക. കഴുകി വൃത്തിയാക്കിയ കരിമീന്‍ മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ത്ത് കുറച്ചുനേരം വെക്കുക. ശേഷം എണ്ണയില്‍ വറുത്തെടുക്കുക(അധികം പൊരിയരുത്). വറുത്തെടുത്ത മീന്‍ വഴറ്റിവെച്ച മിശ്രിതത്തിലേക്ക് ചേര്‍ത്ത് ഇതില്‍ തേങ്ങാപ്പാലും ഒഴിക്കുക. ഇതില്‍ വട്ടത്തിലരിഞ്ഞ തക്കാളിയും ചേര്‍ത്ത് തിളച്ചുവരുമ്പോള്‍ അണ്ടിപ്പരിപ്പ് അരച്ചുചേര്‍ക്കുക. ശേഷം കറിവേപ്പിലയിട്ട് വാങ്ങിവെക്കുക.

Friday, October 7, 2016

കരിമീന്‍ ഫ്രൈ



ചേരുവകള്‍

കരിമീന്‍  - അര കിലോ
മുളക് പൊടി -  മൂന്നു ടീസ്പൂണ്‍
പച്ച കുരുമുളക് അരച്ചത്‌  -  രണ്ട് ടീസ്പൂണ്‍ (പച്ച കുരുമുളക് കിട്ടിയില്ലങ്കിൽ കുരുമുളക് ആയാലും മതി)
മഞ്ഞള്‍ പൊടി  -  കാല്‍ ടീസ്പൂണ്‍
ഉപ്പു പാകത്തിന്
വെളിച്ചെണ്ണ വറക്കാൻ ആവശ്യത്തിനു

പാകം ചെയ്യുന്ന വിധം 

കരിമീൻ വെട്ടി കഴുകി വരഞ്ഞു വെക്കുക.
മുളക് പൊടിയും പച്ചകുരുമുളക് അരച്ചതും ഉപ്പും അല്പം വെള്ളവും ചേര്‍ത്ത് കുഴച്ചു വെക്കുക, വരഞ്ഞ മീനിന്‍റെ വിടവില്‍ ഈ മസാല പുരട്ടി കുറച്ചു സമയം വെക്കുക. ചുവടു കട്ടിയുള്ള ചീനച്ചട്ടിയില്‍ അല്പം എണ്ണയൊഴിച്ച് മീന്‍ തിരിച്ചും മറിച്ചും ഇട്ടു വറുക്കുക.

Saturday, September 17, 2016

ആലപ്പി കരിമീന്‍ കറി



ചേരുവകൾ

കരിമീന്‍ - 3 എണ്ണം
സവാള - 2 എണ്ണം
ഇഞ്ചി - 1/2 ടീസ്പൂണ്‍
വെളുത്തുള്ളി - 1 1/2 ടീസ്പൂണ്‍
മുളക്‌പൊടി - 1 1/2 ടീസ്പൂണ്‍
മഞ്ഞള്‍പൊടി - 1/2 ടീസ്പൂണ്‍
തക്കാളി - 1 എണ്ണം
പച്ചമുളക് - 2 എണ്ണം
ഉപ്പ് - പാകത്തിന്
വെളിച്ചെണ്ണ - 3 ടീസ്പൂണ്‍

തയ്യാറാക്കുന്നവിധം

വൃത്തിയാക്കി അരിഞ്ഞ കരിമീനില്‍ മുളക് പൊടി, മഞ്ഞള്‍ പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത മിശ്രിതം പുരട്ടിവെക്കുക.
ഒരു പാന്‍ ചൂടാക്കി അതില്‍ അരിഞ്ഞ് വെച്ച തക്കാളി, സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, മഞ്ഞള്‍പൊടി, മുളക് പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക. അതില്‍ കരിമീനും അല്പം വെള്ളവും ചേര്‍ത്ത് വേവിച്ച് വറ്റിച്ചെടുക്കുക.