Showing posts with label Quick & Easy. Show all posts
Showing posts with label Quick & Easy. Show all posts

Friday, July 8, 2016

ചക്ക പുഴുക്ക്




ചേരുവകള്‍

ചക്ക – 3 കപ്പ്‌ (വിളഞ്ഞ പച്ച ചക്ക)
തേങ്ങ (തിരുമ്മിയത്‌)   –    1 കപ്പ്
വെളുത്തുള്ളി        –    7 – 8 അല്ലി
ജീരകം             –    അര സ്പൂണ്‍
മുളക് (കാന്താരി / വറ്റല്‍)-   5
മഞ്ഞള്‍പ്പൊടി        –    അര സ്പൂണ്‍
മുളക് പൊടി        –    2 സ്പൂണ്‍
കറിവേപ്പില         –    1 തണ്ട്
ഉപ്പ് – പാകത്തിന്

തയ്യാറാക്കുന്ന വിധം

നല്ല പച്ച ചക്കചുള ചെറിയ കഷണങ്ങള്‍ ആക്കുക .ഇത് ആവശ്യത്തിന് (3 കപ്പിന് 1 കപ്പ്‌ വെള്ളം മതിയാകും ) വെള്ളവും തേങ്ങ അരച്ചതും പാകത്തിന് ഉപ്പും ചേര്‍ത്ത് തട്ടി പൊത്തി അടച്ച് വേവിക്കുക .ചക്ക പാകത്തിന് വെന്തു കഴിഞ്ഞാല്‍ തീ അണച്ച് നല്ലത് പോലെ ഒരു കട്ടിയുള്ള തവി കൊണ്ട് ഇളക്കി ചേര്‍ക്കുക .ചക്ക വേവിച്ചത് തയ്യാര്‍ .(2-3 ചക്കകുരു കൂടി ചെറിയ കഷണങ്ങള്‍ ആക്കിയത് ചേര്‍ത്താല്‍ നല്ലതാണ് )

ഇത് ചൂടോടെ നെയ്യ് അല്ലെങ്കില്‍ വെളിച്ചെണ്ണ ചേര്‍ത്ത് കുഴച്ചു കഴിക്കാന്‍ നല്ല സ്വാദാണ്.

കൂടാതെ നല്ല കാന്താരി ചമ്മന്തി, മീന്‍ കറി, കോഴി കറി, പഴങ്കഞ്ഞി, അച്ചാര്‍, കഞ്ഞി എന്നിവയുടെ കൂടെ കഴിക്കാന്‍ പറ്റിയ നല്ല നാടന്‍ ആഹാര വിഭവമാണിത്.

കപ്പ പുഴുങ്ങിയത്




ചേരുവകള്‍

കപ്പ / മരച്ചീനി       –    1 kg
ഉപ്പ്           – പാകത്തിന്

തയ്യാറാക്കുന്ന വിധം

വളരെ എളുപ്പം തയ്യാറാക്കാന്‍ പറ്റുന്ന ഒരു കപ്പ / ചീനി വിഭവമാണ് ഇത്.

നല്ല കപ്പ (അകത്തു കറുത്ത പാട് ഒന്നുമില്ലാത്തത്) തൊലി കളഞ്ഞു ചിത്രത്തില്‍ കാണുന്നതു പോലെ കഷണങ്ങളാക്കുക.

ഈ കഷണങ്ങള്‍ കഴുകിയെടുത്ത്‌ ഒരു പാത്രത്തിലിട്ട് കപ്പ കഷണങ്ങള്‍ക്ക് മീതെ വരെ വെള്ളമൊഴിച്ചു തിളപ്പിക്കുക. തിളച്ചു തുടങ്ങുമ്പോള്‍ അടുപ്പില്‍ നിന്നും മാറ്റി വെള്ളം വാര്‍ത്തു കളയുക. കപ്പയുടെ കട്ടും, കറയും ഒഴിവാക്കാന്‍ ആദ്യത്തെ വെള്ളം നിര്‍ബന്ധമായും വാര്‍ത്തു കളയണം. ആദ്യത്തെ വെള്ളം വാര്‍ത്തു കളഞ്ഞില്ലെങ്കില്‍ തലവേദന വരാന്‍ സാധ്യതയുണ്ട്.

വീണ്ടും പുതിയ വെള്ളമൊഴിച്ച് ആവശ്യത്തിനു ഉപ്പ് ഇട്ടു തിളപ്പിക്കുക. കഷണങ്ങള്‍ നല്ല പോലെ വെന്തു കഴിയുമ്പോള്‍ വെള്ളം ഊറ്റി കളയുക.

നല്ല കാന്താരി ചമ്മന്തി, മീന്‍ കറി, കോഴി കറി, പഴങ്കഞ്ഞി, അച്ചാര്‍, കഞ്ഞി എന്നിവയുടെ കൂടെ കഴിക്കാന്‍ പറ്റിയ നല്ല നാടന്‍ ആഹാര വിഭവമാണിത്.

Monday, May 23, 2016

പരിപ്പുവട



ചേരുവകള്‍

കടല പരിപ്പ്‌ / തുവര പരിപ്പ്‌ – 1 കപ്പ്‌
ഇഞ്ചി – 1 ഇഞ്ച്‌ കഷണം
വറ്റല്‍മുളക് – 3 എണ്ണം
ചെറിയ ഉള്ളി – 12 എണ്ണം
കറിവേപ്പില – 1 ഇതള്‍
എണ്ണ – പൊരിയ്ക്കാന്‍ ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം


പരിപ്പ് കുറഞ്ഞത്‌ 2 മണിക്കൂര്‍ എങ്കിലും കുതിര്‍ത്ത് ശേഷം വെള്ളം കളഞ്ഞെടുക്കുക.
ഇഞ്ചി, വറ്റല്‍മുളക്, ചെറിയ ഉള്ളി, കറിവേപ്പില എന്നിവ ചെറുതായി അരിയുക.
കുതിര്‍ത്ത പരിപ്പ് വെള്ളം ചേര്‍ക്കാതെ, മിക്സിയില്‍ ചെറുതായി അടിച്ചെടുക്കുക (കൂടുതല്‍ അരഞ്ഞു പോകാതിരിക്കാന്‍ ശ്രദ്ധിക്കുക.
ഇതിലേയ്ക്ക് അരിഞ്ഞ ചേരുവകളും ഉപ്പും ചേര്‍ത്ത് കുഴയ്ക്കുക.
ഈ മിശ്രിതത്തെ 8 തുല്യ ഉരുളകളാക്കുക. ഓരോ ഉരുളയും കൈ കൊണ്ട് അല്പം അമര്‍ത്തി പരത്തിയെടുക്കുക. (കൈയ്യില്‍ ഒട്ടിപിടിക്കാതിരിക്കുന്നതിനായി ഓരോ പ്രാവശ്യവും ഉരുള പരത്തുന്നതിനു മുന്‍പ് കൈ വെള്ളത്തില്‍ മുക്കുക).
പാനില്‍ ആവശ്യത്തിന് എണ്ണ ഒഴിച്ച്, നന്നായി ചൂടാകുമ്പോള്‍, തീ കുറച്ചശേഷം പരത്തിയ ഉരുളകള്‍ ഓരോന്നായി എണ്ണയില്‍ ഇടുക. ഇരുവശവും മൊരിച്ച് ഏകദേശം ഗോള്‍ഡന്‍ ബ്രൌണ്‍ നിറമാകുമ്പോള്‍ കോരിയെടുക്കുക.

കുറിപ്പ്

കടലപരിപ്പും തുവരപരിപ്പും കൂട്ടിയോജിപ്പിച്ചും പരിപ്പുവട ഉണ്ടാക്കാവുന്നതാണ്.
ചെറിയ ഉള്ളി, വറ്റല്‍മുളക് എന്നിവയ്ക്ക് പകരമായി സവാളയോ പച്ചമുളകോ ചേര്‍ക്കാവുന്നതാണ്.

ഉള്ളിവട



ചേരുവകള്‍

കടലമാവ് – 2 കപ്പ്‌
അരിപൊടി – 2 ടേബിള്‍സ്പൂണ്‍
സവാള – 3 എണ്ണം
ഇഞ്ചി – 2 ഇഞ്ച് കഷണം
പച്ചമുളക് – 3 എണ്ണം
കറിവേപ്പില – 2 ഇതള്‍
വെള്ളം – 1 കപ്പ്
വെളിച്ചെണ്ണ – പൊരിക്കാന്‍ ആവശ്യത്തിന്
ഉപ്പ് – 1 ടീസ്പൂണ്‍

തയാറാക്കുന്ന വിധം

സവാള, ഇഞ്ചി, പച്ചമുളക്, കറിവേപ്പില, എന്നിവ ചെറുതായി അരിഞ്ഞശേഷം 1 ടീസ്പൂണ്‍ ഉപ്പ് ചേര്‍ത്ത് കൈ കൊണ്ട് തിരുമ്മുക.
ഇതിലേയ്ക്ക് കടലമാവ്, അരിപ്പൊടി, ഉപ്പ്, 1 കപ്പ്‌ വെള്ളം എന്നിവ ചേര്‍ത്ത് നന്നായി കുഴച്ചെടുക്കുക.
ചട്ടിയില്‍ ആവശ്യത്തിന് എണ്ണ ഒഴിച്ച്, നന്നായി ചൂടാകുമ്പോള്‍ തീ കുറച്ചശേഷം ഓരോ ടേബിള്‍സ്പൂണ്‍ വീതം മാവ് എടുത്ത് എണ്ണയില്‍ ഇടുക.
ഇരുവശവും മൊരിച്ച് ഏകദേശം ഗോള്‍ഡന്‍ ബ്രൌണ്‍ നിറമാകുമ്പോള്‍ കോരിയെടുക്കുക.